മഹാനഗരത്തിന്റെ നിഗൂഢതകളിലേക്ക് വെളിച്ചം വീശുന്ന ചിത്രമാണ് ദ മെട്രോ. ഒരു യുവരാഷ്ട്രീയ നേതാവിന്റെ കൊലപാതകം അന്വേഷിക്കാന്‍ സിഐ ജേക്കബ് അലക്‌സാണ്ടര്‍ നിയോഗിക്കപ്പെടുന്നു. പരുത്തിക്കാടന്‍ ഷാജിയെന്ന ഗുണ്ടാനേതാവാണ് കൊലക്കുപിന്നിലെന്ന് എല്ലാവര്‍ക്കുമറിയാം. എന്നാല്‍ ഇയാളെ പിടികൂടാന്‍ ആര്‍ക്കും കഴിയുന്നില്ല. ഷാജിയെ നിയമത്തിന് മുന്നിലെത്തിക്കാന്‍ ജേക്കബ് അലക്‌സാണ്ടര്‍ തുനിഞ്ഞിറങ്ങുന്നു.
സൗദി അറേബ്യയില്‍ നിന്നെത്തിയ ഹരികൃഷ്ണന്‍ ഗള്‍ഫിലെ സുഹൃത്ത്
നല്‍കിയ സാധനങ്ങള്‍ പാലായിലെ മാണിച്ചായന് കൈമാറാന്‍
തിരുവില്വാമലയില്‍ നിന്ന് യാത്രതിരിക്കുന്നു. ഒപ്പം ആത്മസുഹൃത്തുക്കളായ സുജാതന്‍,
സൂരജ്, ഗോപന്‍, ഉസ്മാന്‍ എന്നിവരുമുണ്ട്. മടക്കയാത്രയില്‍ ഇവരുടെ പ്രതീക്ഷകള്‍
തകിടം മറിച്ച് മാണിച്ചായനും ഇവരോടാപ്പം ചേരുന്നു. രാത്രി കൊച്ചി നഗരത്തിലെത്തിയ
സംഘം അവരറിയാതെ ഒരു കെണിയില്‍പ്പെടുന്നു. ഇതില്‍ നിന്ന്
തല ഊരാനുള്ള പോരാട്ടത്തിലാണവര്‍.
ഇന്‍ഫോ പാര്‍ക്കില്‍ എന്‍ജിനീയറായ അനുപമ സുഹൃത്തിനൊപ്പം ജന്മദിനം
ആഘോഷിക്കാനാണ് നഗരത്തിലെത്തുന്നത്. അവര്‍ ഗുണ്ടാസംഘത്തിന്റെ
അക്രമത്തിനിരയാകുന്നു. സിഐ ജേക്കബ് അലക്‌സാണ്ടറും
ചെറുപ്പക്കാരുടെ സംഘവും അനുപമയും ഒരു പ്രത്യേക സാഹചര്യത്തില്‍
ഒത്തുചേരുന്നു. ഇവര്‍ ഒരുമിച്ച് പരുത്തിക്കാടന്‍ ഷാജിക്കെതിരായി നീങ്ങുന്നു.
തുടര്‍ന്ന് അതിസാഹസിക രംഗങ്ങളാണ് സിനിമ ഒരുക്കുന്നത്.
'മലര്‍വാടി'ക്കുശേഷം ഗ്രാന്റ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നടന്‍ ദിലീപാണ്
ദ മെട്രോ നിര്‍മിക്കുന്നത്. സംവിധാനം ബിപിന്‍ പ്രഭാകര്‍.
സിഐ ജേക്കബ് അലക്‌സാണ്ടറിന്റെയും അയാളുടെ പിതാവിന്റെയും വേഷം
ശരത്കുമാര്‍ കൈകാര്യം ചെയ്യുന്നു.
ഹരികൃഷ്ണനായി നിവിന്‍ പോളിയും സുജാതനായി സുരാജ്‌വെഞ്ഞാറമ്മൂടും
ഉസ്മാനായി ഭഗതും ഗോപനായി ബിയോണും സുരാജായി അരുണും വേഷമിടുന്നു.
മാണിച്ചായനായി ജഗതി എത്തുമ്പോള്‍ പരുത്തിക്കാടന്‍ ഷാജിയെ
സുരേഷ്‌കൃഷ്ണ അവതരിപ്പിക്കുന്നു. പാപ്പി അപ്പച്ച എന്ന സിനിമയില്‍
വില്ലനായി തിളങ്ങിയ രാജീവ്കൃപ രാഷ്ട്രീയനേതാവായി പ്രത്യക്ഷപ്പെടുന്നു.
ജി.കെ.പിള്ള, നിഷാന്ത് സാഗര്‍, ഷമ്മിതിലകന്‍, അനില്‍മുരളി, സാദിക്,
കലാഭവന്‍ ഷാജോണ്‍, കലാശാല ബാബു, സിഐസിസി ജയചന്ദ്രന്‍, പ്രിയ, ദേവിക,
നിമിഷ തുടങ്ങിയവരാണ് പ്രമുഖ താരങ്ങള്‍. വ്യാസന്‍ എടവനക്കാടാണ് കഥയും
തിരക്കഥയും സംഭാഷണവും ഒരുക്കുന്നത്. ഛായാഗ്രഹണം ശ്രീറാം. രാജീവ് ആലുങ്കല്‍
രചിച്ച ഗാനങ്ങള്‍ക്ക് ഷാന്‍ റഹ്മാന്‍ സംഗീതം പകരുന്നു.
എ.എസ്. ദിനേശാണ് പി.ആര്‍.ഒ. ജനവരി 20ന് ദ മെട്രോ തീയറ്ററുകളിലെത്തും.
No comments:
Post a Comment