കൊച്ചിയുടെ മാറുന്ന മുഖം വ്യക്തമാക്കുന്ന ചിത്രമാണ് 'ദി മെട്രോ'. മലര്‍വാടി ആര്‍ട്സ് ക്ലബിനു ശേഷം ഗ്രാന്റ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ദിലീപ് നിര്‍മിക്കുന്ന ഈ ചിത്രത്തില്‍ രാത്രി ജീവിതങ്ങളില്ലാതെ വളരുന്ന കൊച്ചിയുടെ മുഖവും അതു സൃഷ്‌ടിക്കുന്ന സംഭവ ബഹുലമായ മുഹൂര്‍ത്തങ്ങളുമാണ് ആക്ഷന്റെ പശ്ചാത്തലത്തില്‍ പറയുന്നത്.
കൊച്ചി നഗരത്തിലെ കുപ്രസിദ്ധ ഗുണ്ടയാണ് പരുത്തിക്കാടന്‍ ഷാജി. ഇയാളെ ഒതുക്കാന്‍ ശ്രമിക്കുന്ന പോലീസ് ഒഫീസറാണ് സി ഐ ജേക്കബ് അലക്സാണ്ടര്‍. രാഷ്‌ട്രീയ സ്വാധീനം ഉള്ളതിനാലും തെളിവുകള്‍ ലഭിക്കാത്തതിനാലും ജേക്കബിന് ഷാജിക്കെതിരെ നടപടിയെടുക്കാന്‍ കഴിയുന്നില്ല. ഈ അവസരത്തിലാണ് ഇന്‍ഫോ പാര്‍ക്കിലെ ഉദ്യാഗസ്ഥയായ അനുപമയും കൂട്ടുകാരിയും സ്റ്റേഷനിലെത്തിയത്. പരുത്തിക്കാടന്‍ ഷാജിയുടെ അനിയന്‍ ഫ്രെഡിയെ പ്രതിയാക്കി ഒരു പരാതി അനുപമ സി ഐയ്ക്ക് നല്‍കുന്നു. ജേക്കബ് അലക്സാണ്ടര്‍ ഉടന്‍ തന്നെ ഫ്രെഡിയെ ലോക്കപ്പിലാക്കുന്നു.
എന്നാല്‍ ഫ്രെഡിയെ ഇറക്കാന്‍ ഷാജി മറ്റ് വഴികള്‍ തേടി. പിറ്റേദിവസം അനുപമ സ്റ്റേഷനിലെത്തി പരാതി പിന്‍വലിച്ചു. അതോടെ ഫ്രെഡിയെ അലക്‌സാണ്ടറിന് വിട്ടയക്കേണ്ടിവരുകയാണ്. തുടര്‍ന്ന് പരുത്തിക്കാടന്‍ ഷാജി അലക്‌സാണ്ടറുടെ മുമ്പില്‍ പ്രത്യക്ഷപ്പെടുകയാണ്. അത് പുതിയൊരു പോരാട്ടത്തിനു വഴി തുറക്കുകയായിരുന്നു. ഇതിനിടെ, അഞ്ചു ചെറുപ്പക്കാര്‍ തിരുവല്വാമലയില്‍ നിന്നു പാലായിലെ ഒരു ചടങ്ങില്‍ പങ്കെടുത്തു തിരികെ നാട്ടിലേയ്‌ക്കു മടങ്ങുകയായിരുന്നു. ഇരുട്ടില്‍ അവര്‍ കൊച്ചിയില്‍ കുടുങ്ങുന്നു. രക്ഷപെടാന്‍ ശ്രമിക്കുന്നതിനിടയില്‍ അവര്‍ വലിയ പ്രശ്നങ്ങളില്‍പ്പെടുകയാണ്. അവരെ രക്ഷിക്കാന്‍ ജേക്കബ് അലക്സാണ്ടര്‍ എത്തുന്നതോടെ വിഷയം സങ്കീര്‍ണ്ണമാകുന്നു.
ജേക്കബ് അലക്സാണ്ടര്‍ എന്ന കരുത്തുറ്റ നായക കഥാപാത്രത്തെ ശരത് കുമാറാണ് അവതരിപ്പിക്കുന്നത്. പരുത്തിക്കാടന്‍ ഷാജിയായി സുരേഷ് കൃഷ്‌ണയും ഫ്രെഡിയായി നിഷാന്ത് സാഗറും അനുപമയായി ഭാവനയും വേഷമിടുന്നു. പഴശ്ശിരാജയിലൂടെ മലയാളത്തില്‍ എത്തിയ ശരത് കുമാറിന്റെ ഏറ്റവും പ്രാധാന്യമുള്ള വേഷം കൂടിയാണ് ജേക്കബ് അലക്സാണ്ടര്‍. വളരെ പ്രാധാന്യമുള്ള അതിഥി വേഷം ആയതുകൊണ്ടാണ് ഭാവന അനുപമയെ അവതരിപ്പിക്കാന്‍ തീരുമാനിച്ചത്. ഇവര്‍ക്കൊപ്പം സുരാജ് വെഞ്ഞാറമൂട്, നിവിന്‍ പോളി, ഭഗത്, ബിയോണ്‍, അരുണ്‍, ജഗതി ശ്രീകുമാര്‍, ജി കെ പിള്ള, ഷമ്മി തിലകന്‍ തുടങ്ങിയവരും അഭിനയിക്കുന്നു.
ബിപിന്‍ പ്രഭാകറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. കഥ, തിരക്കഥ, സംഭാഷണം പ്രശസ്‌ത ചലച്ചിത്ര പത്രപ്രവര്‍ത്തകനും ദിലീപിന്റെ സുഹൃത്തുമായ വ്യാസന്‍ എടവനക്കാട് നിര്‍വഹിക്കുന്നു.
ഛായാഗ്രഹണം- ശ്രീറാം, ഗാനരചന- രാജീവ് ആലുങ്കല്‍, സംഗീതം- ഷാന്‍ റഹ്മാന്‍. കൊച്ചി, വാഗമണ്‍, തിരുവില്വാമല എന്നിവിടങ്ങളിലായാണ് ചിത്രം പൂര്‍ത്തിയാവുന്നത്. എക്‌സിക്യുട്ടീവ് പ്രൊഡ്യൂസര്‍ - അനൂപ്.
No comments:
Post a Comment