ഞാന്‍ വ്യാസന്‍ എടവനക്കാട്, ഗ്രാന്‍ഡ് പ്രൊഡക്ഷന്സിന്റെ ബാനറില്‍ ദിലീപ് നിര്‍മിക്കുന്ന, ബിപിന്‍ പ്രഭാകര്‍ സംവിധാനം ചെയ്യുന്ന ശരത് കുമാര്‍ നായകനാവുന്ന 'ദി മെട്രോ' എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്താണ് ഞാന്‍ . ഏകദേശം പത്തു വര്‍ഷങ്ങള്‍ക്കു മുന്‍പ് 'ഇന്ദ്രിയം' എന്ന ചിത്രത്തിന് വേണ്ടിയായിരുന്നു ഞാന്‍ ആദ്യം തൂലിക ചലിപ്പിച്ചത്.
'ഇന്ദ്രിയം'; എന്ന ചിത്രം തന്നെ ഒരു പരീക്ഷണം ആയിരുന്നു. സൂപ്പര്‍ താരങ്ങളില്ലാതെ വാണി വിശ്വനാഥ് എന്ന താരത്തിനെ മുഖ്യ കഥാപാത്രമാക്കി ജോര്‍ജ് കിത്തു സംവിധാനം ചെയ്ത ഹൊറര്‍ ചിത്രം. ടെക്നോളജിയെ വരവേല്‍ക്കാന്‍ മലയാള സിനിമ മടിച്ചു നിന്നിരുന്ന കാലത്ത് ഡി റ്റി എസ് എന്ന ശബ്ദ സാങ്കേതിക വിദ്യയെ 'ഇന്ദ്രിയ'ത്തില്‍ ഉപയോഗിച്ചു. ഇതെല്ലാം തന്നെ അന്ന് നില നിന്നിരുന്ന ട്രെന്‍ഡ് മാറ്റി മറിക്കുന്നതായിരുന്നു. ഇതിനു പിന്‍ബലമേകാന്‍ ഞാന്‍ ഒരു സംഭവം പറയട്ടെ.
തിരുവനതപുരം ന്യൂ തിയേറ്റര്‍... അന്ന് വരെ ബി ഗ്രേഡ് അല്ലെങ്കില്‍ സി ഗ്രേഡ് സിനിമകള്‍ മാത്രം പ്രദര്‍ശനം നടത്തിയിരുന്ന ശാല. 'ഇന്ദ്രിയം' ഹൌസ് ഫുള്‍ ആയി ഓടിയ ശേഷമാണ് മലയാള ചിത്രങ്ങള്‍ ന്യൂ തിയേറ്ററില്‍ റിലീസ് ചെയ്തു തുടങ്ങിയത്. തിയേറ്റര്‍ ഉടമ മുരുകന്‍ സാര്‍ എന്നും എന്നെ കാണുമ്പോള്‍ പറയുന്നതും ഇത് തന്നെയാണ്. ഉദയകൃഷ്ണ - സിബി കെ തോമസ് ടീമിലെ ഉദയന് ഇന്ദ്രിയത്തിനു ടിക്കറ്റ് കിട്ടാതിരുന്ന സംഭവവും ഉദയന്‍ പിന്നീടൊരിക്കല്‍ പറഞ്ഞിട്ടുണ്ട്. നിര്‍മാതാവിന് അത്യാവശ്യം ലാഭം ഉണ്ടാക്കിയ ചിത്രമായിരുന്നു 'ഇന്ദ്രിയം'.
ഇപ്പോള്‍ നിങ്ങള്‍ ചിന്തിക്കുന്നുണ്ടാവും പിന്നെ എങ്ങനെയാണ് ഈ പത്തു വര്‍ഷങ്ങളുടെ ഇടവേള വന്നതെന്ന്. ഇന്ദ്രിയം കഴിഞ്ഞു രണ്ട് വര്‍ഷങ്ങള്‍ക്കു ശേഷം തന്നെ 'മെട്രോ' എന്ന സിനിമയുടെ സ്പാര്‍ക്ക് എനിക്ക് കിട്ടിയിരുന്നു. അതു ഏകദേശ രൂപം ആക്കുകയും ചെയ്തിരുന്നു. പക്ഷെ ആ സമയത്ത് ഇങ്ങനെ ഒരു സബ്ജെക്ടിനുള്ള സാധ്യത ഉണ്ടായിരുന്നില്ല. എങ്കിലും ഉറപ്പുണ്ടായിരുന്നു... ഇത് ചെയ്യാന്‍ സാധിക്കുന്ന ഒരു സമയം വരുമെന്ന്. തീര്‍ച്ചയായും മെട്രോ ഒരു സ്വപ്ന സാഫല്യമാണ്.
സിനിമയില്‍ നിന്നും അകന്നു പോകാന്‍ എനിക്ക് കഴിയുമായിരുന്നില്ല. സിനിമകളുടെ മാര്‍ക്കറ്റിങ്ങിന്റെ വിവിധ സാധ്യതകള്‍ മനസിലാക്കി 'ഫിലിം ക്രാഫ്റ്റ്' എന്ന സ്ഥാപനം ഞാന്‍ ആരംഭിച്ചു. എന്റെ ബാല്യകാല സുഹൃത്ത് കൂടിയായ ദിലീപിന്റെ ചിത്രങ്ങളാണ് അധികവും ഞാന്‍ ചെയ്തു പോന്നിരുന്നത്. പറക്കും തളിക, മീശ മാധവന്‍ , സി ഐ ഡി മൂസ തുടങ്ങി മലര്‍വാടി വരെ ഏകദേശം 27 ചിത്രങ്ങള്‍ 'ഫിലിം ക്രാഫ്റ്റ്'' എന്ന സ്ഥാപനം മാര്‍ക്കറ്റ് ചെയ്തു. ദിലീപിന്റെ ആദ്യ ഇന്‍ഡിവിജ്വല്‍ എന്നു പറയാവുന്ന ഈ പറക്കും തളിക എന്ന ചിത്രത്തിന്റെ പരസ്യതന്ത്രത്തിന്റെ ഭാഗമായിട്ടാണ് ജനപ്രിയ നായകന്‍ എന്ന സംബോധന ദിലീപിന് നല്‍കിയത്. എന്നാല്‍ ആ ടൈറ്റില്‍ ഇന്നും ദിലീപ് ചിത്രങ്ങളിലും പൊതു വേദികളില്‍ പോലും ഉപയോഗിക്കുന്നുണ്ട്.
ഇനി മെട്രോ എന്ന പ്രൊജക്റ്റ് യാഥാര്‍ത്യമാവാന്‍ പിന്നിട്ട വഴികളെ കുറിച്ച് അടുത്ത ബ്ലോഗില്‍ സംസാരിക്കാം
സ്നേഹപൂര്‍വ്വം
വ്യാസന്‍ എടവനക്കാട്
No comments:
Post a Comment