Wednesday, October 13, 2010

മെട്രോ: തിങ്കളാഴ്ച നല്ല ദിവസം...



സുഹൃത്തുക്കളേ

'ദി മെട്രോ'യുമായി ബന്ധപ്പെട്ടുള്ള തിരക്കുകള്‍ മൂലമാണ് അല്‍പ്പം താമസിച്ചത്. ഈ വരുന്ന തിങ്കളാഴ്ച മുതല്‍ ഷൂട്ടിംഗ് ആരംഭിക്കുകയാണ്. രാജശേഖര്‍ ആണ് 'ദി മെട്രോ'യുടെ ആക്ഷന്‍ രംഗങ്ങള്‍ സംവിധാനം ചെയ്യുന്നത്. അദ്ദേഹം ആദ്യമായാണ് മലയാളത്തില്‍ ഒരു സിനിമയുമായി സഹകരിക്കുന്നത്. തമിഴില്‍ സൂപ്പര്‍ ഹിറ്റുകളായ 'പരുത്തിവീരന്‍' , 'സുബ്രഹ്മണ്യപുരം' , 'നാടോടികള്‍' , 'റെനിഗുണ്ട', 'സന്തോഷ്‌ സുബ്രഹ്മണ്യം' തുടങ്ങി ഇപ്പോള്‍ 'ബോസ്സ് എങ്കിറ ഭാസ്കരന്‍' എന്ന ചിത്രം വരെ അദ്ദേഹത്തിന്റെ ക്രെഡിറ്റില്‍ ഉള്ള ചിത്രങ്ങളാണ്.അതിഭാവുകത്വമില്ലാത്തതും എന്നാല്‍ അതിമനോഹരവുമായ   ആക്ഷന്‍ രംഗങ്ങളാണ് അദ്ദേഹം ഒരുക്കുന്നത്. കാരണം സാധാരണക്കാരില്‍ സാധാരണക്കാരായ ആള്‍ക്കാരാണല്ലോ 'മെട്രോ'യിലെ കഥാപാത്രങ്ങള്‍ .

'ദി മെട്രോ'യ്ക്ക് വേണ്ടി ക്യാമറ ചലിപ്പിക്കുന്നത് ക്യാമറാമാന്‍ ശ്രീ ശ്രീരാം ആണ്. സന്തോഷ്‌ ശിവന്‍ എന്ന പ്രതിഭയുടെ  അസിസ്റ്റന്റ്‌ ആയി വര്‍ക്ക്‌ ചെയ്ത വ്യക്തിയാണ് ശ്രീ ശ്രീരാം. തമിഴ് ചിത്രമായ  'അയ്യനാര്‍', ബോളിവുഡ് സൂപ്പര്‍ ഹിറ്റ് 'വാണ്ടഡ്' എന്നീ ചിത്രങ്ങളുടെ  ക്യാമറയും ശ്രീരാം ആണ് ചെയ്തത്. കൂടാതെ അടുത്ത് തന്നെ പുറത്തിറങ്ങിയ 'മിലേംഗെ മിലേംഗെ' എന്ന ചിത്രത്തിന് വേണ്ടിയും അദ്ദേഹം സഹകരിച്ചിരുന്നു.

'ദി മെട്രോ'യുടെ വെബ്‌സൈറ്റിന്റെ വര്‍ക്കും ഇതിനിടെ ആരംഭിച്ചു കഴിഞ്ഞു. കാക്കനാട് ആസ്ഥാനമായുള്ള പ്രൈം മൂവ് ടെക്നോളജീസ് എന്ന സ്ഥാപനമാണ്‌ വെബ്‌സൈറ്റ് ചെയ്യുന്നത്. ഷൂട്ടിംഗ് ആരംഭിക്കുന്ന ദിവസം തന്നെ വെബ്‌സൈറ്റ് ലോഞ്ച് ചെയ്യാന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു. കൂടാതെ ഇ-മെയില്‍ മാര്‍ക്കറ്റിംഗ്    എന്ന നൂതന സംരംഭവും 'മാര്‍കോണി മലയാളം' എന്ന ഓണ്‍ലൈന്‍ റേഡിയോ പോര്‍ട്ടല്‍ വഴിയുള്ള പ്രൊമോഷന്‍സും 'ദി മെട്രോ'യ്ക്ക് വേണ്ടി 'പ്രൈം മൂവ്' ചെയ്യുന്നുണ്ട്.  മലര്‍വാടി ആര്‍ട്സ് ക്ലബ്ബിനു  വേണ്ടിയും വെബ്സൈറ്റ് ചെയ്തത് ഇതേ കമ്പനി തന്നെയാണ്.


ശരത് കുമാറിനെ കാണാന്‍ പോയതും കാര്യങ്ങള്‍ കീഴ്മേല്‍ മറിഞ്ഞതുമായുള്ള വിവരങ്ങള്‍ പറയാമെന്നു ഞാന്‍ കഴിഞ്ഞ തവണ എഴുതിയിരുന്നു. ഇത്തവണത്തേക്കു  കൂടി ഒന്ന് ക്ഷമിക്കുക. അടുത്ത തവണ തീര്‍ച്ചയായും എഴുതുന്നതാണ്

സ്നേഹപൂര്‍വ്വം,

വ്യാസന്‍ എടവനക്കാട്

No comments:

Post a Comment